വിചിന്തനം: രോഗത്തിന്റെ ശക്തിയിൽ നിന്നു മനുഷ്യനെ മോചിപ്പിക്കുന്നവനാണ് യേശു. യേശു പ്രഖ്യാപിക്കുന്ന ദൈവരാജ്യത്തിന്റെ അടയാളങ്ങളാണ് ആരോഗ്യപ്രാപ്തിയും സൗഖ്യവും. യേശുവിന്റെ സജീവമായ ദൈവികശക്തി മൂർത്തമായ മനുഷ്യജീവിതസാഹചര്യങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനം വഴി ക്രിസ്തു നമ്മെ സൗഖ്യമാക്കുകയും എഴുന്നേ ൽപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഒരേയൊരുദ്ദേശ്യം മറ്റുള്ളവരിൽ ക്രിസ്തുവിനെ ശുശ്രൂഷിക്കുക എന്നതാണ്. ശുശ്രൂഷ ചെയ്യുന്നതുവരെ നമുക്കു പരിപൂർണസൗഖ്യം കൈവരുന്നില്ല. നാം 'ഉയിർപ്പിക്കപ്പെട്ട' സമൂഹമാണെന്ന് മനുഷ്യസേവനത്തിലൂടെ ബോധ്യപ്പെടുത്തണം. അങ്ങനെ ദൈവരാജ്യം പ്രഖ്യാപിക്കാൻ നമുക്കു കഴിയണം. ശുശ്രൂഷയുടെ മാനദണ്ഡം അനുസരിച്ചാണ് ക്രൈസ്തവ ശിഷ്യത്വത്തിന്റെ കാതൽ നിർണയിക്കപ്പെടുന്നത് (മർക്കോ 9.33-37;10.42-45). സ്വഭവ നത്തിൽ ആരംഭിക്കുന്ന ശുശ്രൂഷ ഇടവക-സമൂഹ ഇടപെടലുകളിലൂടെ അന്യരിൽ എത്തിച്ചേരണം. യേശു ദൈവപുത്രനാണെന്നതിന് തികച്ചും പ്രകടമായ തെളിവ് അവിടുന്ന് മറ്റുള്ളവർക്ക്, പ്രത്യേകിച്ച് പരിത്യക്തരിലും പിന്നാക്കരിലും പ്രകടമാക്കിയ ശുശ്രൂഷയായിരുന്നു. ശുശ്രൂഷയുടെ പാഠം യേശുവിൽ നിന്ന് സ്വാംശീകരിച്ച് അവനെ ശുശ്രൂഷിക്കുന്ന മനോഭാവം സ്വന്തമാക്കാം.
@Pastoral Ministry