091-471-2724001
chancellortrivandrum@gmail.com

Palayam Forane

Palayam Forane

പാളയം ഫെറോന

പാളയം ഫെറോനയുടെ ചരിത്രം ആദ്യകാല പാളയം ഇടവകയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. കാരണം ഇന്നത്തെ പാളയം ഫെറോനയുടെ പല ഇടവകകളും പാളയം ഇടവകയില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്രചുമതലനേടിയവയോ അല്ലെങ്കില്‍ വേര്‍പെട്ട ഇടവകകളില്‍ നിന്ന് വീണ്ടും വേര്‍പെട്ടവയോ ആണ്. ഈ ഫെറോനയിലെ മറ്റ് ചില ഇടവകകള്‍ പാളയം ഇടവകയുടെ മിഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചവയാണ്. അവയുടെ പ്രവര്‍ത്തനങ്ങള്‍ കാലാകാലങ്ങളില്‍ രൂപതാ വൈദീകരോ സന്യസ്ഥവൈദീകരോ മാറിമാറി വഹിച്ചിരുന്നു.പില്‍ക്കാലത്ത് അവ സ്വതന്ത്ര ഇടവകകളായോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ഇടവകകള്‍ ഒരു വൈദീകന്‍റെ കീഴിലോ നല്‍കിയിരുന്നു. ഇന്നും ആ രീതിയിലാണ് പാളയം ഫെറോനയിലെ മിഷന്‍കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത.്

പേട്ട സെന്‍റ് ആന്‍സ് ദൈവാലയമായിരുന്നു പട്ടണത്തിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ ദൈവാലയം. അതിനാല്‍ പാളയം സെന്‍റ് ജോസഫ്സ് ദൈവാലയത്തിന്‍റെ മാതൃ ദൈവാലയം പേട്ട റോമന്‍ കത്തോലിക്കാപള്ളിയാണ്. 1937-ല്‍ തിരുവനന്തപുരം രൂപത സ്ഥാപിതമായതോടു കൂടിയാണ് പാളയം ദൈവാലയം ഭദ്രാസന ദൈവാലയമായത്. 1995 ല്‍ പാളയം ഫെറോനയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ ഉള്‍പെടുത്തി പേട്ട ഫെറോനയ്ക്ക് രൂപം നല്‍കി. ഇന്നത്തെ പാളയം ഫെറോന മുഴുവനും തിരുവനന്തപുരം കോര്‍പ്പറേഷനകത്താണ് സ്ഥിതിചെയ്യുന്നത്. കിഴക്ക് മലമുകള്‍ (നെടുമങ്ങാട് താലൂക്ക്), പടിഞ്ഞാറ് പാറ്റൂര്‍ തെക്ക് മണക്കാട്, വടക്ക് വട്ടപ്പാറ (ചിറയിന്‍കീഴ് താലൂക്ക്), എന്നിവയാണ് അതിരുകള്‍.

കേരള സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണത്തിന്‍റെ ഹൃദയഭാഗമായ കന്‍റോണ്‍മെന്‍റ് എന്ന പാളയം പ്രദേശത്ത് സര്‍വ്വമത സൗഹാര്‍ദ്ദ ത്തിന്‍റെ മഹനീയ പ്രതീകമായി സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ നിലകൊള്ളുന്നു. സമീപത്തായി പാളയം ജുമാ മസ്ജിത്തും, ഹൈന്ദവ ക്ഷേത്രവും, ഭാരത സ്വാതന്ത്ര്യത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന രക്തസാക്ഷി മണ്ഡപവും ഉയര്‍ന്നു നില്‍ക്കുന്നു.

ആദ്യകാല പാളയം സെന്‍റ് ജോസഫ് ഇടവകയുടെ (ഇന്നത്തെ പാളയം ഫെറോനയുടെ) ചരിത്രം 18-ാം നൂറ്റാണ്ടിലെ മധുര മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചരിത്രവു മായി ബന്ധപ്പെട്ടതാണ്. ശൈവ സിദ്ധാന്തക്കാരായ പാണക്കുടി, സുരാംഗുഡി പ്രദേശങ്ങളില്‍ നിന്നുള്ള പെരുമ്പളാച്ചിമാര്‍ (തട്ടാര്‍) പിള്ളയാര്‍ക്കുളത്തു നിന്നുള്ള പിള്ളമാര്‍, ശ്രീകാന്തിമതി നെല്ലയപ്പാര്‍ കോവിലില്‍ നിന്നുള്ള ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ വള്ളിയൂര്‍, രാധാപുരം, നാംങ്കിനേരി എന്നീ പ്രദേശങ്ങള്‍ കടന്ന് തിരുന്നല്‍വേലിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പാരസ്വാമിമാര്‍ അവരെ സ്വീകരിച്ചു. അവരുടെ സാംസ്ക്കാരിക പൈതൃകത്തിന് ഭംഗംവരാതെ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാന്‍ കഴിയുമെന്ന് പാരസ്വാമിമാര്‍ (ഈശോ സഭാ വൈദികര്‍) അവരെ ഉപദേശിച്ചു. അതേതുടര്‍ന്ന് ഏതാണ്ട് രണ്ട് ഡസന്‍ കുടുംബങ്ങള്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്തുമതം സ്വീകരിച്ചു. അതില്‍ ചിലര്‍ ആംഗ്ലിക്കന്‍ സഭക്കാരുടെ കൂടെ പോകുകയും മറ്റ് ചിലര്‍ പാളയംകോട്ടയില്‍ ക്യാമ്പ് ചെയ്തിരുന്ന ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് കേണല്‍ മണ്‍റോ റസിഡന്‍റായി ഉത്തരവാദിത്വമേറ്റപ്പോള്‍ പുതിയ വകുപ്പുകള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച് ഇംഗ്ലീഷും തമിഴും അറിയാവുന്ന ശൈവസിദ്ധാന്തക്കാരായ ക്രൈസ്തവരെ പ്രസ്തുത വകുപ്പുകളില്‍ വിവിധ ജോലിക്കായി നിയമിക്കുകയുണ്ടായി. ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ തിരുവനന്തപുരത്ത് വന്ന് താമസമാക്കി.

എസ്റ്റേറ്റ് ജോലിക്കാരായ ആംഗ്ലോ ഇന്ത്യക്കാരും അന്നത്തെ കത്തോലിക്കാ സമൂഹത്തില്‍പ്പെട്ടിരുന്നു. കൂടാതെ പുത്തന്‍ചന്ത കച്ചവടം നടത്തുന്നതിനായി കൊച്ചിയുടെ മധ്യഭാഗങ്ങളില്‍ നിന്നും വന്ന ഏതാനും വ്യക്തികളും ക്രൈസ്തവരായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് നല്ല മത്സ്യം ലഭിക്കുന്നതിനായി മത്സ്യക്കച്ചവടം നടത്തിയിരുന്ന തമിഴ്നാട്ടിലെ കുറെ കുടുംബങ്ങളെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് സ്ഥിരതാമസക്കാരാക്കിയിരുന്നു. ഇക്കൂട്ടര്‍ പാളയത്തിനടുത്ത് കുന്നുകുഴി ആര്‍.സി. തെരുവില്‍ താമസമാക്കുകയും ചെയ്തു. അവര്‍ നല്ല ക്രൈസ്തവ വിശ്വാസികളായിരുന്നു. മേല്‍പ്പറഞ്ഞവരെല്ലാംതന്നെ ആരാധനയ്ക്കായി പേട്ടയിലുള്ള വി. അന്നയുടെ ദൈവാലയത്തിലായിരുന്നു പോയിരുന്നത്. റെയില്‍വേ പണികള്‍ ആരംഭിക്കാനായി ആംഗ്ലോ ഇന്ത്യക്കാരും തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരുന്നു. അവരില്‍ ചിലര്‍ തിരുവനന്തപുരത്തു നിന്നും വിവാഹം കഴിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. പേട്ട പള്ളിയില്‍ എത്തിച്ചേരാനുള്ള അസൗകര്യം പരിഗണിച്ച് പാളയത്ത് ഒരു ദൈവാലയം പണിയണമെന്നുള്ള ആവശ്യം ശക്തമായതോടെ അന്നത്തെ കൊല്ലം മെത്രാന്‍ ഒരു ദൈവാലയം പണിയാന്‍ പാളയത്ത് ചെറിയ പള്ളി ഉണ്ടായിരുന്ന സ്ഥലവും അതിനോട് അനുബന്ധിച്ച സ്ഥലവും വാങ്ങി പള്ളിപണി ആരംഭിക്കുകയും ചെയ്തു.

വിദേശ മിഷണറി ഫാ. ഫ്രാന്‍സിസ് മിരാന്‍റ എന്ന വൈദികനാണ് 1858-ല്‍ സ്ഥലം വാങ്ങി പാളയത്ത് ദൈവാലയത്തിന് ആരംഭം കുറിച്ചത്. 1873-ാമാണ്ടോടെ ഏതാണ്ട് ആറായിരത്തോളം പേര്‍ ഇടവകയില്‍ അംഗങ്ങളായി ഉണ്ടായിരുന്നു. 1864 മുതല്‍ 1948 വരെ ഇടവകയില്‍ സേവനം ചെയ്തിരുന്ന വിദേശീയരായ കര്‍മ്മലീത്ത സന്ന്യാസ വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. യൂറോപ്യന്‍മാരായ 16 വൈദികരായിരുന്നു ഈ കാലയളവില്‍ കത്തീഡ്രല്‍ ഇടവകയെ ധന്യമാക്കിയത്. കാലാന്തരത്തില്‍ തൈയ്ക്കാട്, നന്തന്‍കോട്, വെള്ളയമ്പലം, മണക്കാട് ഇടവകകള്‍ പാളയം ഇടവകയില്‍നിന്ന് രൂപംകൊണ്ടു.

നേമം മിഷന്‍റെ ഭാഗമായിനടന്ന ചില മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ പാളയം ഫെറോനയിലെ ചില ഭാഗങ്ങളായ പൂഴിക്കുന്നിലും പരിസരപ്രദേശങ്ങളിലും നടന്നിട്ടുണ്ട് അവ ഒഴിച്ചു നിര്‍ത്തിയാല്‍ പാളയം ഫെറോനയിലെ മറ്റ് ഇടവകകളായ തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ക്രിസ്തുരാജപുരം, കുലശേഖരം, മലമുകള്‍, കാച്ചാണി, നെട്ടയം കാഞ്ഞിരംപാറ, കുടപ്പനക്കുന്ന്, വഴയില, എന്നിവിടങ്ങളിലെല്ലാം വിശ്വാസികള്‍ നാമമാത്രമായി ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരം രൂപത 1937ല്‍ രൂപം കൊണ്ടശേഷം സ്ഥാപിക്കപ്പെട്ടവയാണ്. ഇവിടെയെല്ലാം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പാളയം കത്തീഡ്രലില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദീകരും വെള്ളയമ്പലം ബിഷപ്സ് ഹൗസില്‍ താമസിച്ച് അതിരൂപതാ കേന്ദ്രകാര്യാലയത്തില്‍ പ്രവര്‍ത്തിച്ചുവന്ന വൈദീകരും, പാങ്ങോട് കാര്‍മ്മല്‍ മോണാസ്ട്രിയില്‍ നിന്നുള്ള വൈദീകരുമായിരുന്നു. തിരുവനന്തപുരം അതിരൂപതയുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി 1972 ല്‍ ആരംഭിച്ചതാണ് സെന്‍റ് ജൂഡിന്‍റെ പേരിലുള്ള കിള്ളിപ്പാലം തീര്‍ത്ഥാടനകേന്ദ്രവും കുരിശ്ശടിയും. 2007 ലാണ് ഈ തീര്‍ത്ഥാടനകേന്ദ്രം ഒരു ഇടവക സംവിധാനത്തിന്‍റെ തലത്തിലെത്തിയത്.

പാളയം ഫെറോനയിലെ 50% ഇടവകകളില്‍ മാത്രമേ ഇന്ന് സന്യാസ-സന്യാസിനി ഭവനങ്ങള്‍ നിലവിലുളളൂ. പല മിഷന്‍ കേന്ദ്രങ്ങളിലും കോണ്‍വെന്‍റുകളുടെ അഭാവമുണ്ട്. എങ്കിലും നഗരത്തില്‍ അംഗങ്ങള്‍ കൂടുതലുളള ചില കോണ്‍വെന്‍റുകളില്‍ നിന്നും സിസ്റ്റേഴ്സ് അജപാലനകാര്യങ്ങളില്‍ സഹായിക്കാനായി മിഷന്‍കേന്ദ്രങ്ങളില്‍ പോകാറുണ്ട്. ഒ.സി.ഡി. (മലബാര്‍ പ്രോവിന്‍സ്), സലേഷ്യന്‍സ് ഓഫ് ഡോണ്‍ബോസ്കോ കപ്പ്യുച്ചിന്‍സ്, ഈശോ സഭ എന്നീ സന്യാസസഭകളിലെ വൈദീകരുടെ സേവനവും പാളയം ഫോറോനയിലെ വിവിധ ഇടവകകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. പാളയം ഫെറോനയിലെ എല്ലാ ഇടവകകളിലും വിദ്യാലയങ്ങള്‍ നിലവിലില്ല. എന്നാല്‍ അതിരൂപതയും വിവിധ സന്യാസസഭകളും നടത്തുന്ന പ്രസിദ്ധമായ വിദ്യാലയങ്ങള്‍ പാളയം ഫെറോനയില്‍ നിലനില്‍ക്കുന്നു. കൂടാതെ അതിരൂപതയുടെയും സഭകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളും പരിശീലനകേന്ദ്രങ്ങളും ആതുരശുശ്രൂഷാലയങ്ങളും പുനരധിവാസകേന്ദ്രങ്ങളും ഇവിടെയുണ്ട്.

ഇന്നത്തെ പാളയം ഫെറോനയിലെ ഒട്ടുമിക്ക ഇടവകകളും നഗര കേന്ദ്രത്തിലോ പ്രാന്തപ്രദേശങ്ങളിലോ ആണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ ഇടവക അംഗങ്ങള്‍ തദ്ദേശീയര്‍ മാത്രമല്ല രൂപതയുടെയോ കേരളത്തിന്‍റെയോ പലഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസം, ഉദ്യോഗം എന്നിവയുടെ സൗകര്യാര്‍ത്ഥം കുടിയേറി പാര്‍ത്തവരാണ്. അതിനാല്‍ വിവിധ ജാതി, സമുദായ, തൊഴില്‍ വിഭാഗങ്ങളുടെ ഒരു സമന്വയമാണ് പാളയം ഫെറോനയിലെ ഒട്ടുമിക്ക ഇടവകകളും. സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഇവിടത്തെ ജനങ്ങള്‍ മുന്നിലാണെങ്കിലും ഒറ്റപ്പെട്ട ചില മേഖലകളിലും ഉള്‍പ്രദേശങ്ങളിലെ ചില മിഷന്‍ ഇടവകകളിലും വളരെ പിന്നാക്കം നില്‍ക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ ഉണ്ട്. കാര്‍ഷികവൃത്തിയിലും കൂലിവേലയിലും മറ്റുമായി ഇവര്‍ നിതൃവ്യത്തി കണ്ടെത്തുന്നു. ഭൂമിശാസ്ത്രപരമായി വളരെ വിശാലമായ പ്രദേശമാണ് പാളയം ഫെറോനയിലുള്ളത്. അതിരൂപതയുടെ സാന്നിദ്ധ്യവും പ്രശസ്തിയും ഈ നഗര തലസ്ഥാനത്ത് വളരെ പരിചിതമാണെങ്കിലും രൂപതാംഗങ്ങളുടെ എണ്ണം വളരെ പരിമിതമാണ്. ദൈവവിളിയും ഈ മേഖലയില്‍ കുറവാണ്. ഈ വക കാരണങ്ങളാല്‍ ഈ ഫെറോനയിലാവശ്യമായ മിഷന്‍പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും വീണ്ടും ഊര്‍ജ്ജസ്വലമായി നടത്തേണ്ടിയിരിക്കുന്നു.

Copyright © 2008 - 2024 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies