091-471-2724001
chancellortrivandrum@gmail.com

Puthukkurichy Forane

Puthukkurichy Forane

പുതുക്കുറിച്ചി ഫെറോന

കൊല്ലം മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന തെക്കന്‍ തിരുവിതാംകൂറിന്‍റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊല്ലം. കൊല്ലത്തെ ക്രൈസ്തവ സമൂഹത്തിനായി ബര്‍-യേശു മുതലാളി പണികഴിപ്പിച്ചപളളിയാണ് പില്‍ക്കാലത്ത് തരിശ്ശാപ്പളളി എന്ന പേരില്‍ പ്രസിദ്ധമായി ത്തീര്‍ന്നത്. ആയിരം വര്‍ഷത്തോളം നിലനിന്ന തരിശ്ശാപ്പള്ളി പില്‍ക്കാലത്ത് കടലാക്രമണത്തില്‍ നശിച്ചുപോയതായി പറയപ്പെടുന്നു.

പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പു തന്നെ ഫ്രാന്‍സിസ്ക്കന്‍-ഡൊമിനിക്കന്‍ സന്യാസ വിഭാഗങ്ങള്‍ തിരുവിതാംകൂര്‍ മേഖലയില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തിയിരുന്നതായി തെളിവുകളുണ്ട്. 1329 ആഗസ്റ്റ് 9-ാം തീയതി ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പ്പാപ്പ കൊല്ലം രൂപത സ്ഥാപിക്കുകയും ആദ്യ മെത്രാനായി ജോര്‍ദ്ദാനൂസ്, കത്തലാനിയെ അഭിഷിക്തനാക്കുകയും ചെയ്തു. ഇദ്ദേഹം ഒരു ഡൊമിനി ക്കന്‍ സഭാംഗമായിരുന്നു. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്‍റെ ഒന്നാമത്തെ മെത്രാനായി അദ്ദേഹം പരിഗണിക്കപ്പെട്ടുപോരുന്നു. 1498 ലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തിലെ ആധുനീക ലത്തീന്‍ കത്തോലിക്ക സമൂഹത്തിനു വിത്തു പാകിയത് പോര്‍ച്ചുഗീസുകാരാണ്. പോര്‍ച്ചുഗീസ് മിഷണനറിമാരുടെ പ്രവര്‍ത്തന ഫലമായി എ.ഡി 1531 – ല്‍ ഗോവ രൂപത സ്ഥാപിതമായി. 1557 ല്‍ ഗോവ അതിരൂപതയും കൊച്ചി രൂപതയും രൂപം കൊണ്ടു.

1542 ല്‍ ഇന്‍ഡ്യയിലെത്തിയ വി.ഫ്രാന്‍സീസ് സേവ്യര്‍ 1544 ല്‍ തിരുവിതാംകൂറില്‍ വന്നു പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ഇന്നു തിരുവിതാംകൂറിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ കാണുന്ന പളളികള്‍ ഫ്രാന്‍സീസ് സേവ്യറിന്‍റെ കഠിനപ്രയത്നങ്ങളുടെ ഫലമാണ്. 1722 ല്‍ കൊച്ചി മെത്രാനായി നിയമിതനായ ഫ്രാന്‍സീസ് ദേവാസ് ഗോണ്‍സാലോസ് എസ്. ജെ മാമ്പളളിയില്‍ താമസിച്ചിരുന്നു. ഇക്കാലത്ത് മാമ്പളളിയിലെ ദേവാലയം പുതുക്കിപ്പണിതു. ഈ കാലഘട്ടത്തില്‍ ഇന്നത്തെ പുതുക്കുറിച്ചി ഫെറോനയിലെ കൊച്ചുതുറ മുതല്‍ പുതുക്കുറിച്ചി വരെയുളള പല ഇടവകകളും മാമ്പളളി ഇടവകയുടെ ഭരണാതിര്‍ത്തിയിലായിരുന്നു. മാമ്പളളി ഇടവകയുടെ വിസ്തൃതി വര്‍ദ്ധിച്ചതോടു കൂടി പുതിയ ഇടവകകള്‍ സ്ഥാപിക്കേണ്ടി വന്നു. തല്‍ഫലമായി രൂപം കൊണ്ടതാണ് പുതുക്കുറിച്ചി ഇടവക. എന്നാല്‍ 1569 ഓടെ അഞ്ചുതെങ്ങ് പുതുക്കുറിച്ചി മേഖലകളില്‍ പുതിയ ദൈവാലയം നിര്‍മ്മിച്ചതായി ചരിത്രരേഖകളില്‍ പറയുന്നു. പുതുക്കുറിച്ചി ഇടവക സ്ഥാപിതമായപ്പോള്‍ ഞാറമുഖം(പുത്തന്‍തോപ്പ്) പുതുക്കുറിച്ചിയുടെ ഭാഗമായി.

1831 മുതല്‍ വടക്ക് വെട്ടുതുറ മുതല്‍ തെക്ക് കൊച്ചുതുറ വരെയുളള പ്രദേശങ്ങള്‍ ചേര്‍ത്ത് ഞാറമുഖം ഇടവകയ്ക്ക് രൂപം നല്‍കി. അന്നു മുതല്‍ ഞാറമുഖത്തിനു പുത്തന്‍തോപ്പ് എന്ന് പേരു ലഭിച്ചു. കൊച്ചുതുറ, സെന്‍റ് ഡോമിനിക്ക് വെട്ടുകാട്, സെന്‍റ് ആന്‍ഡ്രൂസ് എന്നീ ഇടവകയുടെ തലപ്പളളി ആയിരുന്നു പുത്തന്‍തോപ്പ് പളളി. പുതുക്കുറിച്ചി ഇടവകയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് മുരുക്കുംപുഴയിലുളള വിശ്വാസ സമൂഹത്തിലധികം പേരും അവിടുത്തുകാരുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് പുതുക്കുറിച്ചി പളളിയില്‍ നിന്നായിരുന്നു. 1890 ല്‍ കൊല്ലം ബിഷപ്പ് ബന്‍സിംഗര്‍ തിരുമേനിയുടെ സഹായത്തോടെ മുരുക്കുംപുഴയില്‍ പുതിയ പള്ളി പണി ആരംഭിച്ചു. പുതുക്കുറിച്ചി പളളി വികാരിയായിരുന്ന ഫാ. ഫൊണ്‍സേക്ക 1893 ല്‍ പള്ളിപ്പണി പൂര്‍ത്തിയാക്കി. പുതുക്കുറിച്ചി മുതല്‍ തെക്ക് കൊച്ചുതുറ, തുമ്പ വരെയും കിഴക്ക് മുരുക്കുംപുഴയും ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ വൈദീകരുടെ കൂട്ടായ ഒത്തുചേരലുമാകുമ്പോള്‍ അദ്ധ്യക്ഷത വഹിച്ചിരുന്നത് പുതുക്കുറിച്ചി ഇടവക വികാരിയായിരുന്ന ഫാ.ഫോണ്‍സേക്ക് ആയിരുന്നുവത്രേ. അതിന ാല്‍ അദ്ദേഹത്തെ ആദ്യത്തെ പുതുക്കുറിച്ചി ഫെറോന വികാരിയായി കണക്കാക്കാമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്നത്തെ രീതിയിലുളള ഫെറോന സംവിധാനങ്ങളോ ഫെറോനവികാരിക്ക് പ്രത്യേക അധികാരാവകാശങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ഇടവക വൈദീകരുടെ യോഗം നടക്കുമ്പോള്‍ അദ്ധ്യക്ഷം വഹിക്കുക മാത്രമായിരുന്നു അദ്ദേഹത്തിനുളള അധികാരം. കൊച്ചി രൂപതയുടെ പള്ളിത്തുറ മുതല്‍ ഇരയിമന്‍തുറ വരെയുള്ള ഭാഗങ്ങള്‍ തിരുവനന്തപുരം രൂപതയിലേക്ക് ചേര്‍ക്കപ്പെട്ടതിനുശേഷമാണ് വലിയതുറ ഫെറോനയില്‍ ഉള്‍പ്പെട്ടിരുന്ന പളളിത്തുറ ഇടവക 1960 ല്‍ പുതുക്കുറിച്ചി ഫെറോനയോട് കൂട്ടിച്ചേര്‍ത്തത്.

ഇന്നത്തെ പുതുക്കുറിച്ചി ഫെറോനയില്‍ 15 ഇടവകകളും കൊയ്ത്തൂര്‍ക്കോണം ഇടവകയില്‍പ്പെട്ട 4 സബ്സ്റ്റേഷനുകളുമാണുളളത്. അറബിക്കടലിനു സമാന്തരമായി തീരദേശത്ത് സ്ഥിതിചെയ്യുന്ന പളളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്‍റ് ഡോമിനിക്ക്, വെട്ടുകാട്, സെന്‍റ് ആന്‍ഡ്രൂസ്, പുത്തന്‍തോപ്പ് ശാന്തിപുരം, മര്യനാട്, പുതുക്കുറിച്ചി എന്നീ 10 ഇടവകകളും, തീരത്തുനിന്നും അല്‍പം അകലെയെങ്കിലും കടലോരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഫാത്തിമാപുരം ഇടവകയും കിഴക്കന്‍ മേഖലയില്‍ അക്രൈസ്തവ സമൂഹത്തിനിടയില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യം നല്‍കി നിലകൊളളുന്ന വിശുദ്ധ അഗസ്തിനോസ് ദൈവാലയം – മുരുക്കുംപുഴ, ഫാത്തിമാതാ ദൈവാലയം കഴക്കൂട്ടം, സെന്‍റ് ജോസഫ് ദൈവാലയം കഴക്കൂട്ടം, സെന്‍റ്ജോസഫ് ദൈവാലയം കൊയ്ത്തൂര്‍ക്കോണം എന്നീ 4 ഇടവകകളും ഉള്‍പ്പെടെയുളള പതിനഞ്ച് ഇടവകകളും കൊയ്ത്തൂര്‍ക്കോണം ഇടവകയുടെ സബ്സ്റ്റേഷനുകളായ പോത്തന്‍കോട്, കോലിയക്കോട്, മംഗലപുരം, പളളിപ്പുറം സി.ആര്‍.പി.ക്യാമ്പ് എന്നിവയും ഉള്‍പ്പെടുന്നതാണ് പുതുക്കുറിച്ചി ഫെറോന. തിരുവനന്തപുരം അതിരൂപതയില്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇടവകകള്‍ ഈ ഫെറോനയിലാണ്. പുതുക്കുറിച്ചി ഫെറോനയുടെ മഹത്വത്തിന് കാരണമായി പല ഘടകങ്ങളുണ്ട് അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫെറോനയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പളളിത്തുറ ഇടവകയുടെ പുന:സ്ഥാപനം. ഏകദേശം 5 കി.മി. നീളത്തിലും 2കി.മി. വീതിയിലും പരന്നു കിടക്കുന്ന ഒരു വലിയ ഭൂപ്രദേശമായിരുന്നു പഴയ പളളിത്തുറ ഇടവക. അതിന്‍റെ മദ്ധ്യഭാഗത്ത് അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ പതിറ്റാണ്ടുകള്‍ നടത്തിയ ത്യാഗപൂര്‍ണ്ണമായ പ്രയത്നത്തിന്‍റെ ഫലമായി പണികഴിപ്പിച്ച മനോഹരമായ ദൈവാലയം സ്ഥിതി ചെയ്യുന്നു. വി.മരിയ മഗ്ദലേനയുടെ നാമധേയത്തിലുളള ദൈവാലയത്തിനു സമീപം വി. കൊച്ചുത്രേസ്യയുടെ പേരിലുളള കുരിശ്ശടിയും അല്‍പം മാറി സെന്‍റ് മേരീസ് ക്ലബ്ബിന്‍റെയും വായനശാലയുടെയും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന മന്ദിരവും സ്ഥിതിചെയ്തിരുന്നു. പളളിത്തുറ പ്രൈമറി സ്കൂളിനെ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി 6-ാം സ്റ്റാന്‍ഡേര്‍ഡ് അനുവദിച്ചത് 1962-ലാണ്. ഇങ്ങനെ ഈ പ്രദേശം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന സമയത്താണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്ഐര്‍.ഒ.) തുടങ്ങുന്നതിന്‍റെ മുന്നോടിയായി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനായി ഈ പ്രദേശം ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് അത് അംഗീകരിക്കാന്‍ അന്നുള്ളവര്‍ക്ക് കഴിഞ്ഞില്ല. ജനിച്ച വീടും വളര്‍ന്ന നാടും ഒപ്പം അവരുടെ പതിറ്റാണ്ടുകളുടെ പ്രയത്നം കൊണ്ട് പണികഴിപ്പിച്ച ദൈവാലയവും വിദ്യാഭ്യാസ-സാംസ്ക്കാരിക-സ്ഥാപനങ്ങളും ഉപേക്ഷിച്ചു പോകാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. എന്നാല്‍ അഭിവന്ദ്യ പീറ്റര്‍ ബര്‍ണാര്‍ഡ് പെരേര തിരുമേനിയുടെ ശ്രദ്ധേയമായ ഇടപെടലിലൂടെ ദൈവാലയവും സെമിത്തേരിയും പളളിമേടയും, വിദ്യാലയവും മറ്റുസ്ഥാപനങ്ങളും ജനങ്ങളുടെ താമസ സ്ഥലം മുഴുവനും റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുവേണ്ടി ഇടവക ജനങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍ക്കാരിനു വിട്ടുകൊടുത്തു. ഇതു ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു നടപടിയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ചുമതല വഹിച്ചിരുന്ന പ്രമുഖ ശാസ്ത്രജ്ഞനായ ശ്രീ.എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത സ്ഥലത്ത് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.എ.പി.ജെ. അബ്ദുള്‍കലാം ആദ്യമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഒരു ഗ്രാമവും അതൊടൊപ്പം ദൈവാലയം പോലും ഒഴിഞ്ഞു കൊടുത്തു കൊണ്ട് ശാസ്ത്ര ഗവേഷണ പരിപാടികള്‍ക്ക് പിന്‍ബലം നല്‍കിയ തിരുവനന്തപുരം രൂപതയേയും, വിശിഷ്യാ തിരുവനന്തപുരം രൂപതാ മെത്രാന്‍ അഭിവന്ദ്യ പീറ്റര്‍ ബര്‍ണ്ണാഡ് പേരേര തിരുമേനിയേയും അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

ഐ.എസ്.ആര്‍.ഒ.യ്ക്കുവേണ്ടി കുടിഒഴിപ്പിക്കപ്പെട്ട ഇടവകാംഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്കു വിദ്യാലയവും ദൈവാലയവും പണികഴിപ്പിക്കുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കുവേണ്ടി സമാന നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്തു നടത്തിയത് അഭിവന്ദ്യ പീറ്റര്‍ ബര്‍ണ്ണാഡ് പേരേര തിരുമേനിയാണ്. ആദ്യഘട്ടമായി 220 വീടുകള്‍ റ്റി.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുകയുണ്ടായി. 1964 ല്‍ പളളിത്തുറ സ്ക്കൂളിനെ ഹൈസ്ക്കൂളായി ഉയര്‍ത്തിയപ്പോള്‍ അതിനുളള കെട്ടിടവും അഭിവന്ദ്യപീറ്റര്‍ ബര്‍ണ്ണാഡ് പെരേര തീരുമേനിയുടെ ഉത്തരവാദിത്തത്തില്‍ തന്നെയാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ ഹയര്‍ സെക്കന്‍ററിയായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം എല്ലാ രംഗങ്ങളിലും മികവു പുലര്‍ത്തുന്ന ഒന്നാണ്. പുതുക്കുറിച്ചി ഫെറോനയ്ക്കുളളില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുളള ഏകഹയര്‍ സെക്കറി സ്ക്കൂളും പളളിത്തുറ എച്ച്.എസ്.എസ.് തന്നെയാണ്.

പുതുക്കുറിച്ചി ഫെറോനക്കു പ്രശസ്തി നല്‍കുന്ന മറ്റൊരു പ്രധാന ഘടകം സ്വര്‍ഗ്ഗാരോപിത മാതാവിന്‍റെ നാമധേയത്തിലുളള മര്യനാട് ഇടവകയുടെ സ്ഥാപനമാണ്. തിരുവനന്തപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന അഭിവന്ദ്യ പീറ്റര്‍ ബര്‍ണ്ണാഡ് പേരേരയുടെസ്വപ്നസാ ക്ഷാത്ക്കാരമാണ് പ്രസിദ്ധമായ മര്യനാട് ഗ്രാമം. 1950-1951 കാലഘട്ടത്തില്‍ ഐതിഹാസികവും സാഹസികവുമായ ഒരു പരീക്ഷണത്തിലൂടെ വിവിധ കടലോര ഗ്രാമങ്ങളില്‍ നിന്നും നിര്‍ദ്ധനരും സാഹസീകരുമായ ഏതാനും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആളില്ലാത്തുറ എന്നറിയപ്പെട്ട ഈ വിജന സ്ഥലത്ത് അഭിവന്ദ്യ പീറ്റര്‍ ബര്‍ണ്ണാഡ് പെരേര തിരുമേനി കൊണ്ടുവന്ന് താമസിപ്പിച്ചു. അവര്‍ക്ക് ആധുനീക മത്സ്യബന്ധന ഉപകരണങ്ങള്‍ നല്‍കി. മത്സ്യമേഖലയില്‍ പുരോഗമന പരീക്ഷണങ്ങള്‍ക്ക് പിതാവ് തുടക്കം കുറിച്ചു. ഈ മനോഹരതീരത്തിനു മര്യനാട് എന്ന് നാമകരണം ചെയ്തു. 1961 ല്‍ മര്യനാട് ഭവനനിര്‍മ്മാണ സഹകരണ സംഘത്തിലൂടെ വീടുകള്‍ നിര്‍മ്മിച്ച് പാര്‍പ്പിട വിപ്ലവം സൃഷ്ടിച്ചു. ആദ്യം 32 കോളനി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 1967 ല്‍ രൂപീകരിച്ച മര്യനാട് മത്സ്യഉല്‍പ്പാദന സഹകരണ സംഘം രാജ്യത്തെ മത്സ്യമേഖലയിലെ തന്നെ ആദ്യത്തെ സഹകരണ പ്രസ്ഥാനമായി മാറി. ഇന്ന് ദൈവാലയവും വിദ്യാലയവും വിവിധ കലാ-കായിക സാംസ്ക്കാരിക സാമൂഹിക പരിശീലന കേന്ദ്രങ്ങളും ഉള്‍ക്കൊളളുന്ന മര്യനാട് പുതുക്കുറിച്ചി ഫെറോനയ്ക്ക് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്.

മര്യനാടിന്‍റെ വിജയരഹസ്യം മനസ്സിലാക്കി കേരളത്തിന്‍റെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ കടലോരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനായി നിരവധി പേര്‍ തനിച്ചും കുടുംബമായും കുടിയേറ്റക്കാരായി പുതുക്കുറിച്ചി ഫെറോനയ്ക്കുളളില്‍ കടന്നു വന്നു. അവര്‍ സെന്‍റ് ആന്‍ഡ്രൂസിനു കിഴക്കു പാര്‍വ്വതീ പുത്തനാറിന്‍റെ ഇരുഭാഗങ്ങളിലുമായി കുടിലുകള്‍ കെട്ടി താമസമുറപ്പിച്ചു. എല്ലാ ദുരിതങ്ങളും പ്രതിസന്ധികളും പ്രതിബന്ധങ്ങളും മറികടന്ന് സന്‍മനസ്സുളളവരുടെ സഹായത്തോടെ ലഭിച്ച സ്ഥലത്തു വീടുകള്‍ വച്ച് താമസിക്കു മ്പോള്‍ തന്നെ ഒരു ദൈവാലയ നിര്‍മ്മാണത്തിനും അവര്‍ തുടക്കം കുറിച്ചു അങ്ങനെ. 2004 ഡിസംബര്‍ 13ന് കുടിയേറ്റ മത്സ്യത്തൊഴിലാളികളുടെ ഈ ചെറുഗ്രാമം ഫാത്തിമാപുരം എന്ന പേരില്‍ ഒരു സ്വതന്ത്ര ഇടവകയായി മാറി. പുതുക്കുറിച്ചി ഫെറോനയിലെ ഏക മിഷന്‍ കേന്ദ്രമായിരുന്നു കൊയ്ത്തൂര്‍ക്കോണം. മംഗലപുരം മുതല്‍ കിഴക്കു പോത്തന്‍കോടു വരെ വ്യാപിച്ചു കിടക്കുന്നതും പത്തിലധികം സബ്സ്റ്റേഷനുകള്‍ ഉണ്ടായിരുന്നതുമായ ഒരു ഇടവകയായിരുന്നു കൊയ്ത്തൂര്‍ക്കോണം. ഇന്നത്തെ തുണ്ടത്തില്‍, കാര്യവട്ടം, ഞാണ്ടൂര്‍ക്കോണം തുടങ്ങിയ ദൈവാലയങ്ങളുടെയൊക്കെ മാതൃ ഇടവകയായിരുന്നു കൊയ്ത്തൂര്‍ക്കോണം. ആദ്യകാലങ്ങളില്‍ ആറ്റിങ്ങല്‍ മുതല്‍ ശ്രീകാര്യം വരെയുളള പ്രദേശങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ സെന്‍റ് ജോസഫ്സ് ദൈവാലയം കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. 1980-1990 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന ഐ.റ്റി.ഐ. ആവശ്യത്തിനു കുട്ടികളെ ലഭിക്കാതെ നിര്‍ത്തലാക്കുകയും പ്രസ്തുത സ്ഥാപനം നിലനിന്നിരുന്ന സ്ഥലത്ത് ഡോട്ടേഴ്സ് ഓഫ് സെന്‍റ് ആന്‍സ് സന്യാസിനീ സമൂഹം സ്ഥാപിതമാവുകയും ചെയ്തു. 350 ല്‍ കൂടുതല്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്ന കൊയ്ത്തൂര്‍ക്കോണം ഇടവകയില്‍ ഇന്ന്150 ല്‍ താഴെ കുടുംബങ്ങളെയുള്ളൂ.

വിദ്യാഭ്യാസമാണ് വളര്‍ച്ചയുടെ അളവുകോലെന്നു മനസ്സിലാക്കി ശ്രീ.ആന്‍റണി സേവ്യര്‍ വാസ് 1916ല്‍ കഴക്കൂട്ടം റയില്‍വേസ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത് സെന്‍റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ സ്ഥാപിച്ചു. കഴക്കൂട്ടം ഫാത്തിമാ മാതാ ദൈവാലയം പണികഴിപ്പിക്കുന്നതുവരെ സ്ക്കൂളിന്‍റെ നോര്‍ത്ത് ബ്ലോക്ക് ഞായറാഴ്ച കുര്‍ബാനയ്ക്കും മതപഠനത്തിനുമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1970 ല്‍ ഈ സ്ക്കൂളിന്‍റെ പ്രവര്‍ത്തനം നിലച്ചു. 1947ല്‍ തിരുവനന്തപുരം രൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ വിന്‍സന്‍റ് പേരേര തിരുമേനി മുന്‍കൈയ്യെടുത്ത് കണിയാപുരം പടിഞ്ഞാറ്റുമുക്കില്‍ സ്ഥാപിച്ചതാണ് സെന്‍റ് വിന്‍സന്‍റ്ഹൈസ്ക്കൂള്‍. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഈ സ്ക്കൂളില്‍ സുപ്രീം കോടതി വിധിയനുസരിച്ച് 1978 മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു.പളളിത്തുറ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍, പുതുക്കുറിച്ചി സെന്‍റ് മൈക്കള്‍ ഹൈസ്ക്കൂള്‍, സെന്‍റ് ആന്‍ഡ്രൂസ് യു.പി എസ്, പുത്തന്‍തോപ്പ് സെന്‍റ് ഇഗ്നേഷ്യസ് യു.പി.എസ്, വെട്ടുതുറ ബിഷപ്പ് പേരേര എല്‍.പി, യു.പി.സ്ക്കൂളുകള്‍ എന്നിവയും എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം അണ്‍ എയ്ഡഡ് മേഖലയില്‍ ഒ.എല്‍.എം.എച്ച്.എസ്.എസ്- പുതുക്കുറിച്ചി, ജ്യോതി നിലയം എച്ച്.എസ്.എസ് -സെന്‍റ് ആന്‍ഡ്രൂസ്, ഇന്‍ഫന്‍റ് ജീസസ് ഐ.എസ്.സി. സ്ക്കൂള്‍ – മുരുക്കുംപുഴ എന്നിവയും പ്രവര്‍ത്തിക്കുന്നു. കൂടാതെ മര്യനാട് ഇടവക നടത്തുന്ന വിദ്യാസദന്‍ സ്ക്കൂള്‍, തുമ്പ ഇടവകയിലെ സെന്‍റ് ജൂഡ് എല്‍. പ.ി എസ്. എന്നിവയും അതതു സ്ഥലത്തെ ജനങ്ങള്‍ക്ക് പ്രാഥമീക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സഹായിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈശോ സഭാ വൈദീകരുടെ ശ്രദ്ധേയമായ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ ഇപ്പോള്‍ എട്ടു ഡിഗ്രി കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്സുമായി പഠനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

തിരുവനന്തപുരം അതിരൂപതയുടെ തീരജ്യോതി ടി.ടി.ഐ, സെന്‍റ് ജേക്കബ് ബി.എഡ് കോളേജ്, മരിയന്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും ഫെറോനയിലെ മേനംകുളത്താണു പ്രവര്‍ത്തിക്കുന്നത്. കൂടാതെ വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനുളള സെന്‍റ് വിന്‍സന്‍റ് സെമിനാരി മേനംകുളത്തും വിയാനി ഭവന്‍ എന്ന പേരിലുളള മൈനര്‍ സെമിനാരി ശാസ്തവട്ടത്തും നിലകൊളളുന്നു.

1. കാര്‍മ്മല്‍ ആശ്രമം (സൗത്ത് കേരള), ചിറ്റാറ്റുമുക്ക്
പുതുക്കുറിച്ചി ഫെറോനയില്‍ കഠിനംകുളം പഞ്ചായത്തില്‍ ചിറ്റാറ്റുമുക്ക് ഗ്രാമത്തില്‍ നിഷ്പാദുക കര്‍മ്മലീത്ത സഭയുടെ (ഒ.സി.ഡി.) നവസന്യാസാര്‍ത്ഥികള്‍ക്കുളള ഒരു പരിശീലനകേന്ദ്രമാണ് കാര്‍മ്മല്‍ ആശ്രമം. ഈ ആശ്രമം കേന്ദ്രമാക്കി 11 അല്‍മായ കര്‍മ്മലീത്ത യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

2. ഫ്രാന്‍സിസ്ക്കന്‍ ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് (വീര്‍ഗേ ചിറ്റാറ്റുമുക്ക്)
ന്യൂതനസാങ്കേതിക വിദ്യകളും വിവര സാങ്കേതിക വിദ്യകളായ ഇന്‍റര്‍നെറ്റ് ടെലിവിഷന്‍, റേഡിയോ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ സര്‍വ്വരിലും എത്തിക്കാന്‍ ശ്രമിക്കുകയാണ് സഭയുടെ ലക്ഷ്യം. 2008 ല്‍ ചിറ്റാറ്റുമുക്കില്‍ ആശ്രമം സ്ഥാപിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങളും സന്യാസാര്‍ത്ഥികളെ സ്വീകരിച്ച് അവര്‍ക്ക് പരിശീലനവും നല്‍കി വരുന്നു.

3. സെന്‍റ് സേവ്യേഴ്സ് കോളേജ്, തുമ്പ
ന്യൂനപക്ഷ സമുദായ പദവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും 50 ശതമാനം അദ്ധ്യാപക-അനദ്ധ്യാപകരും തീരദേശ സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ്. അതിരൂപതയുടെ പുരോഗതിയില്‍ ഒരളവുവരെ വിദ്യാസമ്പന്നരെ സംഭാവനചെയ്യാന്‍ ഈ കോളേജിനു സാധിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ കോളേജിനു ചുറ്റുമുളള ഇടവക പളളികളില്‍ ചിലതില്‍ കോളേജില്‍ പഠിപ്പിക്കുന്ന വൈദീകര്‍ ഇടവക ഭരണം നിര്‍വ്വഹിച്ചിരുന്നു.

4. വിദ്യനികേതന്‍, തുമ്പ
ഇന്ത്യയിലെ ഏറ്റവും മികച്ച ജസ്വീറ്റ് ജൂനിയറേറ്റ് എന്ന് പ്രശസ്തി നേടിയ സ്ഥാപനമാണു വിദ്യാനികേതന്‍. ഈശോ സഭാംഗങ്ങളുടെ രൂപീകരണത്തില്‍ അടിസ്ഥാനമിടുന്നത് ഈ നോവിഷേറ്റിലാണ്. സന്യാസിനീ ഭവനങ്ങളും സ്ഥാപനങ്ങളും പുതുക്കുറിച്ചി ഫെറോനയുടെ വിവിധ ഭാഗങ്ങളിലായി പതിനെട്ടോളം സന്യാസിനി സമൂഹങ്ങള്‍ സേവനം ചെയ്യുന്നു. 2008 ഡിസംബര്‍ 8-ാം തീയതി വെട്ടുതുറയില്‍ സ്ഥാപിച്ച തിരുവനന്തപുരം അതിരൂപതയുടെ സ്വന്തം സന്യാസിനി സമൂഹമായ പ്രത്യാശയുടെ ദാസിമാരുടെ ആദ്യ ഭവനമായ ബക്കീത്ത ഭവന്‍ ഈ ഫെറോനയിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റു സന്യാസിനീ ഭവനങ്ങള്‍ ചുവടെ:

1. ഫ്ളോസ് കാര്‍മ്മലി കോണ്‍വെന്‍റ, പളളിത്തുറ
2. കനോഷ്യന്‍ കോണ്‍വെന്‍റ, തുമ്പ
3. ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ശാന്തിനഗര്‍, കഴക്കൂട്ടം
4. ഉര്‍സുലൈന്‍ കോണ്‍വെന്‍റ, സെന്‍റ് ആന്‍ഡ്രൂസ്
5. സിസ്റ്റേഴ്സ് ഓഫ് സെന്‍റ് മാര്‍ത്താ, ഫാത്തിമാപുരം
6. സ്റ്റെല്ല മേരീസ് കോണ്‍വെന്‍റ, പുത്തന്‍തോപ്പ്
7. സെന്‍റ് ജോസഫ് കനോഷ്യന്‍ കോണ്‍വെന്‍റ, വെട്ടുതുറ
8. ഔവര്‍ ലേഡീസ് കോണ്‍വെന്‍റ്, വെട്ടുതുറ
9. ഡോട്ടേഴ്സ് ഓഫ് സെന്‍റ് ആന്‍സ്, ശാന്തിപുരം
10. സെന്‍റ് ആന്‍റണീസ് (വിസിറ്റേഷന്‍) കോണ്‍വെന്‍റ്, മര്യനാട്
11. ഔവ്വര്‍ ലേഡി ഓഫ് മേഴ്സി കോണ്‍വെന്‍റ്, പുതുക്കുറിച്ചി
12. ഹോളി ക്രോസ് കോണ്‍വെന്‍റ്, മുരുക്കുംപുഴ
13. ഇന്‍ഫന്‍റ് ജീസസ് കോണ്‍വെന്‍റ്, മുരുക്കുംപുഴ
14. സെന്‍റ് തെരേസാസ് കോണ്‍വെന്‍റ്, കൊയ്ത്തൂര്‍ക്കോണം.
15. ഡോട്ടേഴ്സ് ഓഫ് സെന്‍റ് ആന്‍സ്, കൊയ്ത്തൂര്‍ക്കോണം
16. ദി ഓര്‍ഡര്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍, ശാസ്തവട്ടം

ഇതു കൂടാതെ റ്റി.എസ്.എസ്.എസിന്‍റെ നേതൃത്വത്തില്‍ വെട്ടുതുറയില്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് ഷാബേരിയുടെ മേല്‍നോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കായുളള ഒരു കെയര്‍ ഹോം ഇവിടെ പ്രവര്‍ത്തിക്കുന്നു. കടലും കായലും പുഴയും തോടും ഉള്‍കൊളളുന്ന ഫെറോനയില്‍ കഴക്കൂട്ടം, കണിയാപുരം, മുരുക്കുംപുഴ റയില്‍വേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നു. തീരപ്രദേശത്ത് ക്രൈസ്തവരാണു ബഹുഭൂരിപക്ഷമെങ്കിലും മറ്റുളളിടങ്ങളില്‍ അക്രൈസ്തവരാണ് ഭൂരിപക്ഷവും. അമ്പലങ്ങളും, മോസ്ക്കുകളും, പളളികളും ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശത്ത് ഹൈന്ദവരും മുസ്ലീംങ്ങളും ക്രൈസ്തവരും മതസൗഹാര്‍ദ്ദത്തിനും മതസഹിഷ്ണുതയ്ക്കും ഊന്നല്‍ നല്‍കി സ്നേഹത്തിലും സാഹോദര്യത്തിലും ഒരുമയോടെ ജീവിക്കുന്നത് ദൈവാനുഗ്രഹം കൊണ്ടുതന്നെയാണ്.

Copyright © 2008 - 2024 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies