തിരുവനന്തപുരം താലൂക്കിന്‍റെ തെക്കെ അതിര്‍ത്തിപ്രദേശങ്ങളും നെയ്യാറ്റിന്‍കര താലൂക്കില്‍പ്പെട്ട വിഴിഞ്ഞം ഇടവകയും ചേര്‍ന്നതാണ് കോവളം ഫെറോന. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് ഫെറോനയുടെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്. കൂടാതെ വെങ്ങാനൂര്‍, കല്ലിയൂര്‍ എന്നീ പഞ്ചായത്തുകളും കോട്ടുകാല്‍ പഞ്ചായത്തിന്‍റെ ചില മേഖലകളും ഈ ഫെറോനയുടെ ഭാഗമാ ണ്. 1996-ല്‍ തിരുവനന്തപുരംരൂപത വിഭജിച്ച് നെയ്യാറ്റിന്‍കരരൂപത രൂപീകരിച്ച അതേ വര്‍ഷം തന്നെ നെയ്യാറ്റിന്‍കരയുടെ ഭാഗമായിരുന്ന തിരുവനന്തപുരം ജില്ലയിലെ മിഷന്‍പ്രദേശങ്ങളും, പാളയം, വലിയതുറ, പുല്ലുവിള ഫെറോനകളുടെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് കോവളം ഫെറോന രൂപീകരിച്ചു.
വിഴിഞ്ഞം, പൂന്തുറ എന്നീ തീരദേശ ഇടവകകളും പെരിങ്ങമ്മല, പാലപ്പൂര്‍, കാരക്കാമണ്ഡപം, ആഴാകുളം, എന്നീ നാല് മിഷന്‍ ഇടവകകളും പരുത്തിക്കുഴി, ഇടയാര്‍, പൂങ്കുളം, നെല്ലിയോട്, കാക്കാമൂല, വൗവ്വാമൂല, പുന്നമൂട്, പൊന്നുമംഗലം എന്നീ 8 മിഷന്‍ സബ്സ്റ്റേഷനുകളും അടങ്ങിയതാണ് ഇന്നത്തെ കോവളം ഫെറോന. ഈ ഫെറോനയിലെ വിഴിഞ്ഞം, പൂന്തുറ ഒഴികെയുള്ള പ്രദേശങ്ങള്‍ അധികവും ആദ്യകാല നേമം മിഷന്‍റെ ഭാഗമായിരുന്നു.
ഈ മേഖലയില്‍ ആദ്യം രൂപംകൊണ്ട ഇടവകയാണ് പെരിങ്ങമ്മല. കോവളം ഫെറോനയിലെ ഒട്ടുമിക്കമിഷന്‍ പ്രദേശങ്ങളും പെരിങ്ങമ്മല ഇടവകയുടെ ഭാഗമായിരുന്നു. പള്ളിച്ചല്‍ വിഴിഞ്ഞം റോഡില്‍ പെരിങ്ങമ്മല ജംഗ്ഷനും പുന്നമൂടിനും മദ്ധ്യേ കാണിക്കക്കുറ്റി എന്ന സ്ഥലത്തു നിന്നും പടിഞ്ഞാറോട്ട് നാനൂറ്മീറ്റര്‍ ഉള്ളിലായി പെരിങ്ങമ്മല ഇടവക ദൈവാലയമായ സെന്‍റ് മൈക്കിള്‍സ് ദൈവാലയം സ്ഥിതി ചെയ്യുന്നു. നാടാര്‍, ഈഴവ, മുക്കുവ, ദളിത് തുടങ്ങിയ പിന്നാക്ക സമുദായക്കാര്‍ ഈ ഇടവകാംഗങ്ങളാണ്. ഉദ്ദേശം 1915ല്‍ മുന്നോക്കക്കാരുടെ അവഗണനയും അയിത്തം, ദാരിദ്ര്യം മുതലായ കഷ്ടപ്പാടുകളും മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന സമയത്താണ് ഫാ.ജര്‍മിയാസ് ക്രിസ്തുസന്ദേശവുമായി ഈ പ്രദേശത്ത് എത്തുന്നത്. പെരിങ്ങമ്മലയിലെ ആദ്യ ദൈവാലയം വെങ്ങാനൂരിനും പുല്ലാന്നിമുക്കിനും മദ്ധ്യേ ചാവടിനട എന്ന സ്ഥലത്തായിരുന്നു. ഹൈന്ദവര്‍ ആ സ്ഥലം പിടിച്ചെടുത്ത് അവിടെ കൃഷ്ണന്‍ കോവില്‍ സ്ഥാപിച്ചു. ഇക്കാര്യമറിഞ്ഞ ഫാ. ജര്‍മിയാസ് ഇന്ന് ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തുകയും ഉടമസ്ഥരില്‍ നിന്നും രണ്ടരയേക്കറോളം വരുന്ന ആ സ്ഥലം വിലയ്ക്കു വാങ്ങുകയും ചെയ്തു. 1921-ല്‍ വിശുദ്ധ മിഖായേല്‍ മാലാഖ യുടെ നാമത്തിലുള്ള ദൈവാലയം നിര്‍മ്മിച്ച് ആശീര്‍വദിച്ചു. വിശുദ്ധ അന്തോണീസി ന്‍റെ പുല്ലാന്നിമുക്കിലെ കുരിശ്ശടി, പള്ളി കോമ്പൗണ്ടിലെ വേളാങ്കണ്ണി മാതാവിന്‍റെ കുരിശ്ശടി, ഇടവക നടത്തുന്ന ഇംഗ്ലീഷ് മിഡീയം യു.പി.സ്കൂള്‍, കല്ലിയില്‍ എല്‍.പി. സ്കൂള്‍ (രൂപതയുടെ കീഴില്‍) എന്നിവയാണ് ഇടവകയിലെ പ്രധാനസ്ഥാപനങ്ങള്‍. ഈ ഇടവകയുടെ കീഴില്‍ 1969-ല്‍ കര്‍മ്മലറാണി കോണ്‍വെന്‍റ്(ങടടഠടശലെേൃെ) സ്ഥാപിച്ചു. സന്യാസിനിമാരുടെ സാന്നിദ്ധ്യം പെരിങ്ങമ്മല ഇടവകയിലും ഉപഇടവകകളായ കാക്കാമൂല, വവ്വാമൂല, പുന്നമൂട് എന്നിവിടങ്ങളിലും ആത്മീയ-വിദ്യാഭ്യാസ -സാമൂഹിക വളര്‍ച്ചയ്ക്ക് വലിയ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
1923ലാണ് തിരുവനന്തപുരം താലൂക്കില്‍ കല്ലിയൂര്‍ വില്ലേജില്‍ കാക്കാമൂലയില്‍ സ്വര്‍ഗ്ഗാരോഹണ ദൈവാലയം സ്ഥാപിക്കപ്പെട്ടത്. ഫാ.ജര്‍മ്മിയാസ് തന്നെയാണ് ഈ ദൈവാലയവും സ്ഥാപിച്ചത്. അയിത്തവും ദാരിദ്ര്യവും മൂലം പിന്നാക്കാവസ്ഥയിലാ യിരുന്ന ദളിത് സമൂഹത്തെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ സ്ഥാപിച്ചതാണ് ഈ ദൈവാലയം.
അശരണര്‍ക്കും ആലംബഹീനര്‍ക്കുമിടയില്‍ യേശുവിന്‍റെ സ്നേഹവും സദ്വാര്‍ത്തയുമെത്തിക്കാന്‍ ഫ്രാന്‍സിസ്ക്കന്‍ ബ്രദേഴ്സിന്‍റെ ഭവനം 2005 ഡിസംബര്‍ 14-ന് ഈ ഇടവകയില്‍ ആരംഭിച്ചു. പെരിങ്ങമ്മല, വെങ്ങാനൂര്‍ ജംഗ്ഷനുകള്‍ക്ക് മദ്ധ്യേപുല്ലാനിമുക്ക് ജംഗ്ഷനില്‍ നിന്ന് 3 കിലോമീറ്റര്‍ പടിഞ്ഞാറാണ് പെരിങ്ങമ്മലയുടെ സബ്സ്റ്റേഷനായ വവ്വാമൂല ഇടവക സ്ഥിതി ചെയ്യുന്നത്. 1934-ല്‍ വെണ്ണിയൂരില്‍ ഒരു മലങ്കര ദൈവാലയം സ്ഥാപിക്കപ്പെട്ടപ്പോള്‍ പെരിങ്ങമ്മല ഇടവകാംഗങ്ങളായിരുന്നകുറച്ചു കുടുംബങ്ങള്‍ സമീപത്തുള്ള മലങ്കര ദൈവാലയത്തില്‍ പോയിത്തുടങ്ങി. ഇത് കണക്കിലെടുത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ സൗകര്യാര്‍ത്ഥം 1965-ല്‍ ഫാ. ബാര്‍ലോ ഡിക്രൂസിന്‍റെ നേതൃത്വത്തില്‍് വവ്വാമൂലയില്‍ പള്ളി പണിയുവാനുള്ള സ്ഥലം വിലക്കുവാങ്ങി. വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ നാമത്തില്‍ ദൈവാലയം സ്ഥാപിച്ചു. ഇടവകയുടെ കീഴില്‍ ഇന്ന് ഒരു നേഴ്സറിസ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2010-ല്‍ ഒരു കുരിശ്ശടിയും സ്ഥാപിതമായി.
പെരിങ്ങമ്മല ജംഗ്ഷനും വെടിവച്ചാം കോവില്‍ ജംഗ്ഷനും മദ്ധ്യേയുള്ള പുന്നമൂട് പ്രദേശം ബാലരാമപുരം ഇടവകയുടെ ഭാഗമായിരുന്നു. ഏതാണ്ട് 75 സെന്‍റ് സ്ഥലത്തായി ബാലരാമപുരം ഇടവകാംഗങ്ങളായ 25-ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. മത്സ്യക്കച്ചവടത്തൊഴിലാളികളാണധികവും. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ബാലരാമപുരം ഇടവക വികാരിയായിരുന്ന ഫാ.ജോസഫിന്‍റെ നേതൃത്വത്തില്‍ സാമിയപ്പന്‍ 1980-ല്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമധേയത്തില്‍ പുന്നമൂട്ടില്‍ കുരിശ്ശടി സ്ഥാപിച്ചു. 1982-ല്‍ ബാലരാമപുരം ഇടവകാംഗങ്ങളായിരുന്ന ഇവരെ പെരിങ്ങമ്മല ഇടവകയിലേക്ക് മാറ്റി. തുടര്‍ന്ന് 2006-ല്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പൊലീത്ത ഇവിടെ പുതിയ ദൈവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. 2011 ജനുവരി 23-ന് വിശുദ്ധ സെബസ്ത്യാനോസിന്‍റെ പേരിലുള്ള പുതിയ ദൈവാലയം ആശീര്‍വദിച്ച് ഈ ഇടവകയെ പെരിങ്ങമ്മലയുടെ ഉപഇടവകയായി പ്രഖ്യാപിക്കുകയും ചെയ്തു.
1701-ല്‍ നേമം കേന്ദ്രീകരിച്ച് ഈശോ സഭാ വൈദികര്‍ നേമം മിഷന്‍ ആരംഭിച്ച തോടുകൂടി കാരക്കാമണ്ഢപം പ്രദേശത്ത് ക്രൈസ്തവ സഭാ നിര്‍മ്മിതിക്ക് ശക്തമായ ഒരടിസ്ഥാനം രൂപപ്പെട്ടു. പിന്നീട് ഫാ. ജസ്റ്റിന്‍, ഫാ. ബാപ്റ്റിസ്റ്റ് എന്നീ പോര്‍ച്ചുഗീസ് മിഷണറിമാരുടെ നേതൃത്വത്തില്‍ വിശ്വാസസമൂഹം വളര്‍ന്നു. ഇന്ന് കാരക്കാമണ്ഢപം സെന്‍റ് ആന്‍റണീസ് ദൈവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം 1622-ല്‍ ഒരു കുരിശ്ശടി നിര്‍മ്മിക്കുന്നതിന് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ഒരു നായര്‍ കുടുംബം നല്‍കിയതാണ്. 1959-ല്‍ ഇടവകയില്‍ വീടില്ലാതെ കഷ്ടപ്പെടുന്ന വര്‍ക്ക് അന്നത്തെ വികാരിയായിരുന്ന ബഞ്ചമിന്‍ അച്ചന്‍ കോണത്തുവിളയില്‍ 28 സെന്‍റ് സ്ഥലം വാങ്ങി നല്‍കി. തമിഴ്നാട്ടില്‍ നിന്നും ജോലി തേടി വന്ന പല കുടുംബങ്ങളും ഈ വിശ്വാസകൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. 1882-ല്‍ പൂര്‍ത്തിയായ ഈ ദൈവാലയത്തിനുള്ളില്‍ ഏകദേശം 50 പേര്‍ക്കേ ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. 1937-ല്‍ ഇത് പെരിങ്ങമ്മലയുടെ സബ്സ്റ്റേഷനായി പരിണമിച്ചു. കാലാന്തരത്തില്‍ ദൈവാലയ കെട്ടിടം ക്ഷയിക്കുകയും അപര്യാപ്തമായി മാറുകയും ചെയ്തതിനെ തുടര്‍ന്ന് ഫാ. രാജന്‍റെ നേതൃത്വത്തില്‍ 1981-ല്‍ പലരുടെയും സാമ്പത്തിക സഹായത്താലും ഇടവക ജനങ്ങളുടെ അദ്ധ്വാനത്തിന്‍റെ ഫലമായും ദൈവാലയം നവീകരിച്ചു. 2012 ല്‍ വീണ്ടും ഈ ദൈവാലയം നവീകരിച്ച് പുനര്‍നിര്‍മ്മിച്ചു.
പെരിങ്ങമ്മല സെന്‍റ് മൈക്കിള്‍സ് ദൈവാലയത്തിന്‍റെ സബ്സ്റ്റേഷനാണ് പൊന്നുമംഗലത്തുള്ള സെന്‍റ്ജോസഫ് ദൈവാലയം. ഇടവകയുടെ ആദ്യത്തെ പളളി പണി കഴിപ്പിച്ചത് എം.സി റോഡിനു സമീപമുള്ള പൊറ്റവിളയിലാണ്. എന്നാല്‍ അക്രൈസ്തവരുടെ ശല്യം നിമിത്തം പൊറ്റവിളയില്‍ നിന്ന് ശാന്തിവിളയ്ക്കടുത്തുളള തെന്നൂര്‍ ദേശത്ത് ഒരു ഏക്കര്‍, 18 സെന്‍റ് സ്ഥലം വാങ്ങി. 1939 ആഗസ്റ്റ് 25-ാം തീയതി ഇന്ന് കാണുന്ന സെന്‍റ് ജോസഫ് ദൈവാലയം സ്ഥാപിക്കപ്പെട്ടു. ദളിത് ക്രൈസ്തവര്‍ക്കായി സ്ഥാപിക്കപ്പെട്ട ഈ ദൈവാലയത്തില്‍ മൂക്കുന്നിമല, പൊറ്റവിള, എന്നീ സ്ഥലങ്ങളില്‍ നിന്നും ആരാധനയ്ക്കായി വിശ്വാസികള്‍ എത്തിയിരുന്നു. ഒരു നേഴ്സറി സ്കൂളും സെന്‍റ് വിന്‍സന്‍റ് ഡി പോള്‍ സൊസൈറ്റിയും കെ.സി.വൈ.എം. സംഘടനയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം നഗരമധ്യത്തില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന പാലപ്പൂര്‍ ഇടവക കുന്നുകള്‍ നിറഞ്ഞ ഒരു അവികസിത പ്രദേശമാണ്. ക്രിസ്ത്യാനികള്‍ക്കൊപ്പം ഹിന്ദുക്കളും മുസ്ലീംങ്ങളും സൗഹാര്‍ദ്ദപരമായി കഴിയുന്ന ഇവിടത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയും കൂലിപ്പണിയുമാണ്. കര്‍മ്മലീത്താ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായിട്ടാണ് പാലപ്പൂരില്‍ ആദിമക്രൈസ്തവസമൂഹം രൂപപ്പെട്ടത്. പാലപ്പൂരില്‍ ഒരു സമൂഹജ്ഞാനസ്നാനം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുഹൃദയപ്രതിഷ്ഠയോടുകൂടിയ ഓലമേഞ്ഞ ഷെഡ്ഡായിരുന്നു പഴയ ദൈവാലയം. 1924-ല്‍ ഈ ദൈവാലയത്തിന്‍റെ പടിഞ്ഞാറു ഭാഗത്തായി വിശുദ്ധ കുരിശ്ശിന്‍റെ ദൈവാലയം പുതുതായി നിര്‍മ്മിച്ചു. പൂങ്കൂളം ഹോളിസ്പിരിറ്റ് കോണ്‍വെന്‍റിലെ സന്യാസികളാണ് പാലപ്പൂര്, പൂങ്കുളം, നെല്ലിയോട്, ആഴാകുളം എന്നീ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇടവക ദൈവാലയത്തോട് ചേര്‍ന്ന് 1924 മുതല്‍ ഹോളി ക്രോസ് സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1990-ല്‍ മെഡോണ പ്രീ-പ്രൈമറി സ്ക്കൂളുകളും ആരംഭിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തെക്കേ അറ്റമായ പൂങ്കുളത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനസമുച്ചയത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഒരേക്കര്‍ എണ്‍പത്തിയൊന്നര സെന്‍റ് വിസ്തീര്‍ണ്ണമുള്ള ഒരു സമതലപ്രദേശത്താണ് പൂങ്കുളം ഫാത്തിമ മാതാ ദൈവാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസം തീരെയില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം ജനങ്ങളായിരുന്നു ഇവിടത്തെ ആദിമ ക്രൈസ്തവര്‍. സ്വാതന്ത്ര്യാനന്തരം ദളിതര്‍ക്ക് കൂടുതല്‍ ആനുകൂല്യം സര്‍ക്കാരില്‍ നിന്ന് ലഭിച്ചു വന്ന സാഹചര്യത്തില്‍ ഇടവകയില്‍ അംഗത്വം സ്വീകരിച്ചിരുന്ന സാധുക്കളായ ഒരു വിഭാഗം വിശ്വാസം ഉപേക്ഷിച്ചു. ആഘട്ടത്തില്‍ പൂന്തൂറ കനോഷ്യന്‍ കോണ്‍വെന്‍റിലുള്ള സിസ്റ്റേഴ്സിന്‍റെ സേവനം ഇവിടെ ലഭിക്കുകയും ഉപദേശിയായി ശ്രീ.സൈമണ്‍ നിയമിതനാവുകയും ചെയ്തു. അതോടുകൂടി പിരിഞ്ഞു പോയ പല കുടുംബങ്ങളെയും വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും ഇന്നത്തെ സ്ഥിതിക്ക് അടിത്തറപാകാനും കഴിഞ്ഞു. പെരിങ്ങമ്മല സെന്‍റ് മൈക്കിള്‍സ് ദൈവാലയത്തിന്‍റെ കീഴിലുള്ള ഒരു സബ്സ്റ്റേഷനായിട്ടാണ് ഇതാരംഭിച്ചത്. പാലപ്പൂര് വിശുദ്ധകുരിശിന്‍റെ ദൈവാലയവും അന്ന് പെരിങ്ങമ്മല ഇടവകയുടെ കീഴിലായിരുന്നു. എന്നാല്‍ പാലപ്പൂര് വിശുദ്ധകുരിശിന്‍റെ ദൈവാലയം ഒരു ഇടവകയായി മാറിയപ്പോള്‍ പൂങ്കുളം ഇടവക അതിന്‍റെ സബ്സ്റ്റേഷനായി മാറി. 1989 ല്‍ ഈ ഇടവകയിലെത്തിയ ഹോളിസ്പിരിറ്റ് സിസ്റ്റേഴ്സ് ഒരു ഇആടഋ, ഡജ സ്ക്കൂളും ഒരു നേഴ്സറി സ്ക്കൂളും ഇവിടെ ആരംഭിച്ചു.
ഇന്ന് നെല്ലിയോട് അമലോത്ഭവ ദൈവാലയവും ഇടവകയും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മുഴുവനും കാര്‍ഷിക മേഖലയാണ്. കൃഷിപ്പണി തന്നെയാണ് ഇവിടത്തെ ജനങ്ങളുടെ മുഖ്യഉപജീവനമാര്‍ഗ്ഗം. 1970 ജൂണ്‍ 14-ാം തീയതി പുതുതായി നിമ്മിച്ച നെല്ലിയോട് അമലോത്ഭവമാതാ ദൈവാലയം അന്നത്തെ തിരുവനന്തപുരം രൂപതാമെത്രാന്‍ അഭിവന്ദ്യ പീറ്റര്‍ ബര്‍ണ്ണാഡ് പെരേര തിരുമേനി ആശീര്‍വാദിച്ച് നെല്ലിയോട് പ്രദേശത്തെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. പാലപ്പൂര് ഇടവക വികാരിമാരാണ് തുടക്കം മുതല്‍ നെല്ലിയോട് ഇടവകയുടെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത.് ഇന്ന് കാണുന്ന ദൈവാലയ ഗോപുരവും അള്‍ത്താരയും പണികഴിപ്പിച്ചത് 1992-ലാണ്.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഇടവകയാണ് ആഴാകുളം. വിഴിഞ്ഞം, പാലപ്പൂര് ഇടവകകളുമായാണ് ആഴാകുളം ഇടവക അതിരു പങ്ക്വയ്ക്കുന്നത്. ആഴാകുളം ഇടവക ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മുന്‍കാലത്ത് കൊച്ചി രൂപതയുടെ ഭാഗമായിരുന്നു. 1904-ല്‍ മിഷണറി വൈദികനായിരുന്ന മോണ്‍. അന്തോണിച്ചന്‍ ആണ് ഇന്നു കാണുന്ന 1.45 ഏക്കര്‍ സ്ഥലം വാങ്ങിയത്. സാമൂഹിക വിവേചനങ്ങളനുഭവിച്ചിരുന്ന ഏതാനും കുടുംബങ്ങളോടു കൂടിയാണ് ഈ വിശ്വാസസമൂഹത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓലഷെഡിലായിരുന്നു ആരാധനകര്‍മ്മങ്ങള്‍ അധികവും അനുഷ്ഠിക്കപ്പെട്ടിരുന്നത്. 1985-ല്‍ പാലപ്പൂര് ഇടവക വികാരിയായിരുന്ന ഫാ. രാജന്‍റെ ശ്രമഫലമായി ഓല ഷെഡിന്‍റെ സ്ഥാനത്ത് ഓടുമേഞ്ഞ ഒരു ദൈവാലയം നിര്‍മ്മിതമായി. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നും കോവളം പ്രദേശത്ത് കത്തോലിക്കരായ കൂടുതല്‍ താമസക്കാര്‍ എത്തിയതോടെ പലരുടെയും സഹായസഹകരണത്തോടെ 2007 ല്‍ കൂടുതല്‍ സൗകര്യപ്രദമായ പുതിയൊരു ദൈവാലയം ഇന്നു കാണുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു. 1924 മുതല്‍ 2001 വരെ പാലപ്പൂര് ഇടവകയുടെ കീഴിലായിരുന്ന ആഴാകുളത്തെ 2002-ല്‍ ഒരു സ്വതന്ത്ര മിഷന്‍ ഇടവകയാക്കി. 2010 ജൂണ്‍ 6-നു അഭിവന്ദ്യ സൂസപാക്യം പിതാവ് കൂദാശാകര്‍മ്മം നിര്‍വഹിച്ച കോവളം ഫൊറോന സെന്‍റര്‍ ഈ ഇടവകയിലാണ് സ്ഥിതിചെയ്യുന്നത്. പള്ളിയോടനുബന്ധിച്ച് ഒരു കുരിശ്ശടിയും ഇടവകയുടെ കീഴില്‍ ഒരു അണ്‍എയ്ഡഡ് എല്‍.പി.സ്ക്കൂളും പ്രവര്‍ത്തിച്ചു വരുന്നു. പാലപ്പൂര് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിസ്പിരിറ്റ് സന്യാസിനികള്‍ ഈ ഇടവകയുടെ ആത്മീയ വളര്‍ച്ചയ്ക്കും, സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു.
പള്ളിയ്ക്ക് തൊട്ടടുത്തുതാമസിക്കുന്ന ദൈവഹിത സഭ (കഢഉ) വൈദീകരാണ് 2002 മുതല്‍ ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്.
ചരിത്രാതീത കാലത്തോളം പഴക്കമുള്ളതാണ് വിഴിഞ്ഞത്തിന്‍റെ പൈതൃകം. മലയാളം ഒരു സ്വതന്ത്രഭാഷയായി പരിണമിക്കുന്നതിന് വളരെ മുമ്പ് ഈ പ്രദേശത്ത് പ്രയോഗത്തിലുണ്ടായിരുന്ന പ്രാചീനതമിഴില്‍ നിന്നുമാണ് വിഴിഞ്ഞം എന്ന സ്ഥലനാമം പിറവികൊണ്ടത്. 1924 മുതല്‍ ഇടവകയിലെ വിവിധ ആവശ്യങ്ങള്‍ക്കായി ഏകദേശം പതിനഞ്ച് ഏക്കറോളം വസ്തു പലപ്പോഴായി വാങ്ങിയിട്ടുണ്ട്. അവയില്‍ ഇടവക ദൈവാലയം, സ്കൂളുകള്‍, കുരിശ്ശടികള്‍, വിവിധ സ്ഥാപനങ്ങള്‍, സെമിത്തേരി, ചന്ത, കോണ്‍വെന്‍റ്, എന്നിവ സ്ഥിതി ചെയ്യുന്നു. തീരപ്രദേശമായതിനാല്‍ തദ്ദേശ വാസികളില്‍ ഏറിയ പങ്കും മത്സ്യമേഖലയിലാണ് തൊഴിലെടുക്കുന്നത്. വിഴിഞ്ഞം ഇടവകയ്ക്കുള്ളിലാണ് വിഴിഞ്ഞം ഫിഷിംഗ്ഹാര്‍ബര്‍ നിലകൊള്ളുന്നത്. നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര വാണിജ്യതുറമുഖ പദ്ധതി പ്രദേശം കൂടിയാണ് ഇവിടം. അന്തര്‍ദേശീയ വിനോദ സഞ്ചാരകേന്ദ്രമായ കോവളം വിളിപ്പാടകലെയാണ് സ്ഥിതിചെയ്യുന്നത്. പ്രേഷിത പ്രവര്‍ത്തകരായ മിഷണറിമാരുടെ സേവനത്തില്‍ ആകൃഷ്ടരായ ജനങ്ങള്‍ വിശ്വാസം സ്വീകരിച്ച് ഒരു വിശ്വാസകൂട്ടായ്മയായ് രൂപം പ്രാപിച്ചു. വിഴിഞ്ഞത്തുണ്ടായിരുന്ന ക്രൈസ്തവരെ കത്തോലിക്കാ വിശ്വാസത്തിന്‍ കീഴില്‍ ഏകോപിപ്പിച്ചത് ലത്തീന്‍ മിഷണറിമാരായിരുന്നു. ഇവരുടെ ആത്മാര്‍ത്ഥ പരിശ്രമഫലമായി ഒട്ടേറെ മുക്കുവ കുടുംബങ്ങള്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീമാരാണ് വിഴിഞ്ഞത്ത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. 1989-ല്‍ ഉര്‍സലൈന്‍ കോണ്‍വെന്‍റും 2008-ല്‍ ഹോളിക്രോസ് കോണ്‍വെന്‍റും സ്ഥാപിതമായി. 1916-ല്‍ വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂളായി അംഗീകാരം ലഭിച്ച സെന്‍റ് മേരീസ് സ്കൂള്‍ 1950-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2002-ല്‍ ഹയര്‍ സെക്കന്‍ററി ക്ലാസ്സുകളും ആരംഭിച്ചു. 2010-ല്‍ ഇംഗ്ലീഷ് മീഡിയം പ്രിപ്രൈമറി ക്ലാസ്സുകള്‍ ആരംഭിച്ചു. ഇടവകയുടെ തലപ്പള്ളിയായ പഴയപള്ളിയും, വലിയപള്ളിയും കൂടാതെ സെന്‍റ് ഫിലോമിനയുടെ നാമത്തിലുള്ള പള്ളിയും ഇവിടെ നിലകൊള്ളുന്നു. 2004 മുതല്‍ ഉര്‍സുലൈന്‍ സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ സെന്‍റ് ഉര്‍സുല ഇംഗ്ലീഷ്മീഡിയം സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹോളിക്രോസ് സിസ്റ്റേഴ്സിന്‍റെ കീഴില്‍ ഒരു ഡിസ്പെന്‍സറി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. റ്റി.എസ്.എസ്.എസിന്‍റെ ആഭിമുഖ്യത്തില്‍ ഒരു തയ്യല്‍ ക്ലാസ്സും ഇതിനോടനുബന്ധിച്ച് ഒരു തയ്യല്‍ യൂണിറ്റും നടന്നു വരുന്നു. തുടക്കത്തില്‍ പുല്ലുവിള ഫെറോനയുടെ ഭാഗമായിരുന്ന വിഴിഞ്ഞം ഇടവകയെ 1996ല്‍ കോവളം ഫെറോനയുടെ ഭാഗമാക്കി.
പ്രാചീനകാലം മുതല്‍ തമിഴകത്ത് അറിയപ്പെടുന്ന ഒരു വാണിജ്യതുറമുഖമായിരുന്നു പൂന്തുറ. കടലോരപ്രദേശങ്ങളില്‍ ക്രിസ്തുമതത്തിന്‍റെ വിത്തുകള്‍ പാകിയത് ആദ്യകാല പോര്‍ച്ചുഗീസ് വ്യാപാരികളാണെങ്കിലും അതിനെ ശരിയായ വിധം വളര്‍ത്തിയെടുത്തത് ഫ്രാന്‍സീസ് സേവ്യറും അദ്ദേഹത്തിന്‍റെ കൂടെ വന്ന മിഷനറിമാരുമാണ്. 1542 മെയ്മാസം ഗോവന്‍ വികാരി ജനറല്‍ മിഖായേല്‍വാസ് ഫ്രാന്‍സീസ് സേവ്യറിന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ തല്‍പരനാവുകയും പരവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ച ഫ്രാന്‍സിസ് സേവ്യര്‍ പരവ സമുദായത്തെ യഥാര്‍ത്ഥ ക്രിസ്തുവിശ്വാസികളാക്കി മാറ്റി. 1544 ലാണ് ഫ്രാന്‍സിസ് സേവ്യര്‍ കടലോരമക്കളെ കൂട്ടമായി മതപരിവര്‍ത്തനം ചെയ്യിച്ചത്. അദ്ദേഹം കൂടുതല്‍ പേര്‍ക്ക് ജ്ഞാനസ്നാനം നല്‍കിയെങ്കിലും ചിലവേറിയ പളളികള്‍ നിര്‍മ്മിക്കുന്നതിന് ശ്രമിച്ചിരുന്നില്ല. പകരം ഒരു വലിയ കുരിശുയര്‍ത്തുകയും അതിന്‍റെ ചുവട്ടിലായി ഓല മേഞ്ഞ ഒരു ഷെഡു നിര്‍മ്മിക്കുകയും ചെയ്തു. 1544 ല്‍ തന്നെ ഇത്തരം 45-ഓളം പളളികള്‍ തിരുവിതാംകൂറില്‍ അദ്ദേഹം നിര്‍മ്മിച്ചു. അവയിലൊന്ന് പൂന്തുറയിലായിരുന്നു. ക്രിസ്തുമത സ്വീകരണത്തോടു കൂടി മുക്കുവരുടെ സാമൂഹികാവസ്ഥ വളരെയധികം പുരോഗതി പ്രാപിക്കുവാന്‍ തുടങ്ങി. പൂന്തുറയില്‍ സേവനമനുഷ്ഠിച്ച മിഷനറിമാരില്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടവരാണ് ഫാദര്‍ ബെന്നും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന 13 വൈദികരും. 1909 ല്‍ ചേരിയാമുട്ടം ഭാഗത്ത് സെന്‍റ് ആന്‍റണിയുടെ നാമത്തില്‍ ഒരു കുരിശ്ശടി പണിയുകയുണ്ടായി. ജപമാലഭക്തി ശക്തിപ്പെടുത്തുവാന്‍ ആര്‍.എസ്. ലോപ്പസും കുടുംബവും ചേര്‍ന്ന് ദൈവാലയത്തിനടുത്ത് ലൂര്‍ദ്ദുമാതാവിന്‍റെ നാമത്തില്‍ ഒരു ഗ്രോട്ടോ പണിയുകയും 1942 ഫെബ്രുവരി മാസം 11-ാം തീയതി ആശീര്‍വദിക്കുകയും ചെയ്തു. പൂന്തുറയില്‍ വിദ്യാഭ്യാസത്തിന്‍റെ അടിത്തറ പാകിയത് ഗോവാക്കാരനായ ഫാദര്‍ നസ്യാന്‍സാണെന്നതില്‍ ഭിന്നാഭിപ്രായമില്ല. ഇദ്ദേഹം 1910-ല്‍ സഹവികാരിയായിരുന്ന ഫാദര്‍ ജോസഫ് പെരേരയോട് ചേര്‍ന്ന് ഒരു പ്രൈമറി സ്കൂള്‍ തുടങ്ങി. 1923-ല്‍ അംഗീകൃത എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. ജനങ്ങളുടെ വിശ്വാസജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനായി മാതൃരൂപതയായ കൊച്ചിയില്‍ നിന്നും അന്നത്തെ മെത്രാന്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന കനോഷ്യന്‍ സിസ്റ്റേഴ്സിനെ ഇവിടെ വരുത്തി. ഇതിന്‍റെ ഫലമായി മദര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ 1943 ആഗസ്റ്റ് മാസം 15-ാം തീയതി കനോഷ്യന്‍ സിസ്റ്റേഴ്സിനായി ഒരു ഭവനം നിര്‍മ്മിച്ചു. 1968-69-ല്‍ മടുവത്തിനടുത്തുള്ള സര്‍ക്കാരിന്‍റെ 2 ഏക്കര്‍ 8 സെന്‍റ് സ്ഥലത്ത് 12 വീടുകള്‍ നിര്‍മ്മിച്ചു. വലിയ തോതില്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ സഹായിച്ചതും ഫിഷര്‍മാന്‍ കോളനിയില്‍ 200 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതും ശ്രദ്ധേയമാണ്. ഐക്കഫ് പ്രവര്‍ത്തനങ്ങളും മത്സ്യത്തൊഴിലാളി ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളും സജീവമായിരുന്ന പ്രദേശമാണ് പൂന്തുറ. പൂന്തുറയുടെ സ്വപ്നങ്ങളിലൊന്നായ യു.പി. സ്കൂളിനെ 1980-ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത്. ക്രിസ്തു ജയന്തി വര്‍ഷമായ 2000-ത്തില്‍ ഈ സ്കൂളിനെ ഹയര്‍ സെക്കന്‍ററി സ്ക്കൂളായി ഉയര്‍ത്തി. 26 ഭക്തസംഘടനകളുടെ പ്രവര്‍ത്തനം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ഈശ്വരാനുഭവം പകരുന്ന വേദികളാണ.് 1988-ലാണ് വേളാങ്കണ്ണിമാതാവിന്‍റെ ഒരു കുരിശ്ശടി നിര്‍മ്മിച്ചത്. പൂന്തുറ ഇടവക ഒട്ടേറെ കലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1962-ല്‍ മുസ്ലീംങ്ങളുമായും 1989-ല്‍ ഹൈന്ദവരുമായുണ്ടായ കലാപങ്ങള്‍ ഇടവകയുടെ വളര്‍ച്ചയെ മുരടിപ്പിച്ചിട്ടുണ്ട് എങ്കിലും ഈ സംഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇടവകജനം ഒന്നടങ്കം സാംസ്കാരികവും മതസൗഹാര്‍ദ്ദപരവും അതോടൊപ്പം സഹവര്‍ത്തിത്വത്തിന്‍റെതുമായ ഒരു പുതിയ പൂന്തുറയെ വളര്‍ത്തിയെടുത്തു കഴിഞ്ഞു. വലിയതുറ ഫെറോനയുടെ ഭാഗമായിരുന്ന പൂന്തുറ, കോവളം ഫെറോനയുടെ ഭാഗമാകുന്നത് 1996 ലാണ്.
ഫാത്തിമ മാതാ ദൈവാലയം-ഇടയാര്‍ അനന്തപുരിയില്‍ നിന്നും ഏകദേശം 10 കി. മീ. അകലെ പൂന്തുറക്ക് തെക്കുഭാഗത്ത് നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു കൊച്ച് ദ്വീപാണ് പൂന്തുറ. ഇടവകയുടെ സബ്സ്റ്റേഷനായ ഇടയാര്‍ നാനാജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തോടെ അധിവസിക്കുന്ന പ്രദേശം കൂടിയാണ് ഇടയാര്‍. ഏതാണ്ട് 70 വര്‍ഷത്തിലേറെക്കാലമായി ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്ഡില്‍ 35 കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് നടത്തിവന്ന സന്ധ്യാ പ്രാര്‍ത്ഥനകളും ജപമാലയുമാണ് ഇടയാറിനെ ക്രിസ്തീയ ജീവിതത്തിലേയ്ക്ക് ആഴപ്പെടുത്തിയത്. പൂന്തുറ ഇടവക വികാരിമാര്‍ കൂടെക്കൂടെ സന്ദര്‍ശിച്ച് അവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തി പോന്നു. പൂന്തുറ ഇടവകയിലേയ്ക്ക് വന്ന കനോഷ്യന്‍ സന്യാസിനിമാര്‍ ക്രമേണ ഈ ഗ്രാമത്തില്‍ പ്രവേശിക്കുകയും ഭവനസന്ദര്‍ശനത്തിലൂടെ ജനങ്ങളെ ഒരുമയിലേയ്ക്കും ക്രിസ്തീയ കൂട്ടായ്മയിലേയ്ക്കും കൂട്ടിക്കൊണ്ട് വന്നു. സിസ്റ്റേഴ്സിന്‍റെ ശ്രമഫലമായി നിലവിലുണ്ടായിരുന്ന സാല്‍വേഷന്‍ ആര്‍മിയുടെ പ്രാര്‍ത്ഥനാലയം ഉള്‍പ്പെടെയുള്ള 35 സെന്‍റ് സ്ഥലം മദര്‍ ആനി വാങ്ങുകയും ഓലകൊണ്ടുള്ള ഒരു ഷെഡ്ഡ് നിര്‍മ്മിക്കുകയും പരിശുദ്ധ ഫാത്തിമ മാതാവിന്‍റെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാലയം ആരംഭിക്കുകയും ചെയ്തു. ഇടയാറിലേത് ഒരു ദളിത് (ചേരമര്‍) ക്രൈസ്തവ സമൂഹമാണ്. ഇവിടുത്തെ എല്ലാ കുടുംബങ്ങളും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഡി.സി.എം.എസ്, റ്റി.എസ്.എസ്.എസ്, കെ.സി.വൈ.എം, വിന്‍സന്‍റ് ഡി പോള്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തനം ഇവിടത്തെ ജനങ്ങള്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നു.
തിരുവനന്തപുരം നഗരത്തില്‍ അന്തര്‍ദേശീയ എയര്‍പ്പോര്‍ട്ടിന് തെക്ക് ബീമാപ്പള്ളിക്ക് കിഴക്ക്, തിരുവനന്തപുരം-കന്യാകുമാരി ബൈപ്പാസ് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പരുത്തികുഴി. പൂന്തുറയുടെ സബ്സ്റ്റേഷനാണ് പരുത്തിക്കുഴി സെന്‍റ് ജോസഫ്സ് ഇടവക. ഏകദേശം അഞ്ച്പതിറ്റാണ്ടുമുമ്പ് 1954-ല്‍ പൂന്തുറ കനോഷ്യന്‍ സന്യാസിനി സമൂഹത്തിന്‍റെ ശ്രമഫലമായി രൂപം കൊണ്ട ഒരു വിശ്വാസ സമൂഹമാണിത്. ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു ചെറിയ ഷെഡ്ഡിലാണ് പ്രാര്‍ത്ഥനയും, ദിവ്യബലിയുംആദ്യകാലങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. വി. യൗസേപ്പിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായ പ്രാര്‍ത്ഥനായലയത്തില്‍ 8 കുടുംബങ്ങളാണ് ആദ്യകാലങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കെത്തി യിരുന്നത്. കനോഷ്യന്‍ സിസ്റ്റേഴ്സിന്‍റെയും, പൂന്തുറ ഇടവക വികാരിയായിരുന്ന ഫാ. അലോഷ്യസിന്‍റെയും ശ്രമഫലമായി 1963-ല്‍ ഇപ്പോള്‍ പള്ളി നിലകൊള്ളുന്ന 1 ഏക്കര്‍ 45 സെന്‍റ് സ്ഥലം പൂര്‍വ്വീകരില്‍ നിന്നും ദൈവാലയത്തിനായി ലഭ്യമാക്കി. കോവളംഎന്ന നാമം അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണ് എങ്കിലും ഈ ഫെറോനയുടെ പാര്‍ശ്വങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ ഇന്നും പല പരാധീനതകള്‍ക്കും മദ്ധ്യേയാണ്. വിശ്വാസവും വികസനവും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസനം ഇനിയും ഇവിടെ അനിവാര്യമാണ്.