091-471-2724001
chancellortrivandrum@gmail.com

Remembering Annie Mascrene

ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ജ്വലിക്കുന്ന പേരാണ് ആനി മസ്ക്രീൻ. ലോക്സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച ആദ്യ വ്യക്തി തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ഈ സ്വാതന്ത്ര്യസമര പോരാളിയാണ്.

തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ പാർലമെന്റംഗവുമായിരുന്നു ആനി മസ്‌ക്രീൻ. അതിനു ശേഷം വനിതകളാരും തന്നെ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടില്ലെന്നു മാത്രമല്ല, മൽസരിച്ചതു പോലും കുറവാണ്.

രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ, വമ്പന്മാരോടു പൊരുതിയാണ് 1951ൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ആനി വിജയം കൊയ്തത്.

രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ, വമ്പന്മാരോടു പൊരുതിയാണ് 1951ൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ആനി വിജയം കൊയ്തത്.

കേരളത്തിലെ ആദ്യ വനിതാ മന്ത്രി, മന്ത്രിസഭയിൽനിന്നു രാജിവച്ച ആദ്യ വനിത, നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത, ഭരണഘടനയുടെ കരടുരേഖയിൽ ഒപ്പുവച്ച വനിത തുടങ്ങി ഒട്ടേറെ റെക്കോർഡുകളുടെ ഉടമയായിരുന്നു അവർ.

തിരുവിതാംകൂർ ദിവാന്റെ ദഫേദാർ ആയിരുന്ന ഗബ്രിയേൽ മസ്‌ക്രീനിന്റെ മകളായി 1902ൽ ആണു ജനനം. വക്കീലായി പ്രാക്‌ടീസ് ചെയ്യുന്നതിനിടയിലാണു സ്‌റ്റേറ്റ് കോൺഗ്രസിൽ ചേർന്നത്.

പട്ടം താണുപിള്ള അധ്യക്ഷനായി 1938ൽ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചപ്പോൾ വർക്കിങ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ്. സ്വാതന്ത്യ്രസമരത്തിൽ മുഴുകിയപ്പോൾ ദിവാൻ സി.പി.രാമസ്വാമി അയ്യർ അവരുടെ സ്വത്തുവകകളും പണവും മല്ലൻമാരെ ഉപയോഗിച്ച് എടുത്തുകൊണ്ടുപോയി. നിസ്സഹകരണ പ്രസ്‌ഥാനത്തിന്റെ നേതാവായ ആനി മസ്‌ക്രീനിനെ 1938 ഏപ്രിൽ 26ന് അറസ്‌റ്റ് ചെയ്‌തു.

ചിറയിൻകീഴിലും കാട്ടാക്കടയിലും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചു ചെങ്ങന്നൂരിൽ 1938 നവംബർ 13നു വീണ്ടും അറസ്‌റ്റ് ചെയ്‌തു ജയിലിലടച്ചു. 1941ൽ വാർധയിൽ മഹാത്മാഗാന്ധിയോടൊപ്പം ഏഴു മാസം താമസിച്ചു സ്വാതന്ത്യ്ര പ്രക്ഷോഭത്തിൽ മുഴുകി. 1942 ഓഗസ്‌റ്റ് 30ന് അറസ്‌റ്റ് ചെയ്‌തു. രണ്ടു വർഷത്തെ കഠിനതടവ് കഴിഞ്ഞിറങ്ങിയ ആനി 1944 സെപ്‌റ്റംബർ 9നു സ്‌റ്റേറ്റ് കോൺഗ്രസിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1946 നവംബർ 9നു പുന്നപ്ര വയലാർ സമരത്തെ സർക്കാർ ചോരയിൽ മുക്കുന്നതിനെതിരെ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെത്തുടർന്നു സർക്കാരിനെ അട്ടിമറിക്കുന്നുവെന്നാരോപിച്ച് വീണ്ടും ജയിലിലടച്ചു.

സ്വാതന്ത്യ്രാനന്തരം 1948-49ൽ തിരുവനന്തപുരത്തുനിന്നു നിയമസഭാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി. ഇന്ത്യൻ ഭരണഘടന നിർമാണ സമിതിയിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ആരോഗ്യ, ഊർജ വകുപ്പു മന്ത്രിയുമായി.

തെറ്റുകളെ തുറന്നെതിർത്ത് 1950 ജനുവരി മൂന്നിനു മന്ത്രിപദം രാജിവച്ചു. അവിവാഹിതയായി കഴിഞ്ഞ ആനി 1957ൽ രാഷ്‌ട്രീയം ഉപേക്ഷിച്ചു. വഴുതക്കാട്ടെ കുടുംബവീട്ടിൽ 62-ാം വയസ്സിൽ 1963 ജൂലൈ 19ന് അന്തരിച്ചു.

Back>>
Copyright © 2008 - 2024 Media Commission, Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies